തിരിച്ചറിയാത്ത വംശവെറി

എല്ലാവരുടെയും ഉള്ളിൽ ഏറിയോ കുറഞ്ഞോ വംശവെറികൾ ഉണ്ട്, അവസരം വരുമ്പോൾ അതു പുറത്തേക്കു വരും എന്നുമാത്രം. ഞാൻ കണ്ട് ഒരു ഫേസ്‌ബുക് പോസ്റ്റും അതിലെ പോയന്റുകൾക്ക് എനിക്കുള്ള മറുപടിയുമാണ് ഇത്.

shaji

 

1 കേരളത്തിൽ യൂ പി, ബംഗാളി, രാജസ്ഥാനി, ബംഗ്ളാദേശി.. തുടങ്ങിയ ലക്ഷക്കണക്കിന് ആളുകൾ നിലവിൽ ഉണ്ട് !!
ശരി, ഗൾഫിലും യൂറോപ്പിലും മലയാളികൾ ഉള്ളതുപോലെ
2 ദിനം പ്രതി വന്നുകൊണ്ടും ഇരിക്കുന്നു !! ഒരു നിയന്ത്രണവും ഇല്ല!! ആരുടെ അടുത്തും ഒരു കണക്കും ഇല്ല
ഇന്ത്യയിലെ ഒരു സംസ്ഥാനത്തുനിന്നും മറ്റൊരിടത്തേക്കുപോവാൻ നിയന്ത്രണങ്ങൾ ഒന്നും ഭരണഘടനയിൽ ഇല്ല
3 ഇവിടെ ജോലി ചെയ്യുന്നവരിൽ അധികവും പാരമ്പര്യമായി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചവരും, നല്ല സംഘടനാ പാടവം ഉള്ളവരുമാണ്
വളരെ നല്ലത്
4 അവർക്കു തമ്മിൽ വലിയ നെറ്റ് വർക്ക്‌ ഉള്ളവരുമാണ്
സന്തോഷം – ചിക്കാഗോയിലെ മലയാളികൾക്ക് ഉള്ളതുപോലെ
5 കഴിഞ്ഞ വർഷം നവമിക്കു ഏകദേശം 10,000 ത്തോളം അന്യ സംസ്ഥാന തൊഴിലാളികളുടെ ആഘോഷം കോഴിക്കോട് ബീച്ചിൽ ഗുജറാത്തി സ്‌കൂളിൽ വച്ച് നടത്തുകയുണ്ടായി
എത്ര നല്ല കാര്യം – മലയാളികൾ അമേരിക്കയിലും യൂറോപ്പിലും ഓണം ആഘോഷിക്കുന്നതുപോലെ
6 അവർ യു പി യിൽ നിന്നും മ്യൂസിക്ക് ടീമിനെ വരെ കൊണ്ടുവന്നു
ആഹാ, നമ്മൾ കഥകളിക്കാരെ അമേരിക്കയിലേക്കു കൊണ്ടുപോകണതുപോലെ
7 കൂടാതെ വി കെ സി ചെരുപ്പ് കമ്പനിയിലെ ലോറി തട്ടി 2 ബംഗാളികൾ മരിച്ചിട്ടു അവർ “ഹർത്താൽ” വരെ നടത്തി
മിടുക്കന്മാർ, തെരുവുനായ്ക്കളുടെ വിലമാത്രമുള്ള അവർ കൊല്ലപ്പെടുമ്പോൾ ഇങ്ങനെ സംഘടിക്കാൻ പാടില്ലായിരുന്നു
8 അതായത് ഒരു വാഹനമിടിച്ചു ഒരു മലയാളി മരിച്ചാൽ ചിലപ്പോൾ കുറച്ചുപേർ കൂടി ആ വണ്ടി തല്ലിപ്പൊളിച്ചേക്കും
അല്ലാതെ നമ്മൾ ഹർത്താലൊന്നും നടത്തില്ല
9 അതോടെ തീരും. ഇവർക്ക് ആരെയും ഭയമില്ല, നല്ല ആരോഗ്യമുള്ളവരും, രോഗമില്ലാത്തവരും ആണ്.
ഭാഗ്യം, അവർ പകർച്ചവ്യാധികൾ ഒന്നും കൊണ്ടുവരുന്നില്ല
10 ആരെയും എന്തും ചെയ്യാം
ഇക്കാര്യത്തിനു തെളിവു വേണം, ഏതെങ്കിലും മലയാളിയെ ബംഗാളി തല്ലിയാൽ അവനു ജീവൻ ബാക്കിയുണ്ടാകുമോ ആവോ?
11 അക്രമം ഇവർക്ക് പ്രശ്നമേ അല്ല
ഇതിനും തെളിവു വേണം
12 രാത്രിക്കു രാത്രി സ്ഥലം വിടാം.. സർക്കാരുകളോ, രാഷ്ട്രീയക്കാരോ ഇത് കണ്ടില്ല എന്ന് നടിക്കുന്നു
രാത്രിയാത്രാ നിയന്ത്രണങ്ങൾ ഉണ്ടോ?
13 ബസ്സുകളിൽ ഹിന്ദിയിൽ ബോർഡ്, ബാങ്കിൽ അവർക്കു മാത്രം ഒന്നോ രണ്ടോ കൗണ്ടർ
ഇതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്, ഡൽഹിയിൽ ചെല്ലുമ്പോൾ അവിടെ മലയാളത്തിൽ ഒരു ബോഡ് കണ്ടാൽ നമുക്ക് എത്ര സന്തോഷമാവും
14 എ ടി എമ്മുകളിലും, സി ഡി എമ്മുകളിലും ഇവരുടെ ക്യു മാത്രം
പിന്നെ അധ്വാനിച്ച് ഉണ്ടാക്കുന്ന കാശ് വീട്ടിലേക്ക് അയയ്ക്കുന്നത് എങ്ങനാ?ഗൽഫിലെ വെസ്റ്റേൺ യൂണിയൻ കൗണ്ടറുകളിൽ മലയാളികൾ നിക്കുന്നതുപോലെയല്ലേ?
15 ഇപ്പോൾ കാണാൻ കഴിയുന്ന രണ്ടു ക്യു ഒന്ന് എ ടി എമ്മിലും, മറ്റൊന്ന് ബീവറേജിലും
ഹിഹി! ഇവർ മലയാളികളെ വെള്ളമടിക്കാനും പഠിപ്പിക്കുന്നു
16 രണ്ടായാലും പണം കേരളത്തിൽ നിന്നും പുറത്തേക്കു ഒഴുകുന്നു
ഈ പോയന്റ് അറബി അറിയാതെ പോട്ടേ
17 നമ്മൾ ഭക്ഷണത്തിനും, വസ്ത്രത്തിനും, മരുന്നിനും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു
അതിനു ഈ ബംഗാളി എന്തു പിഴച്ചു?
18 അതിലൂടെയും നമ്മുടെ സമ്പത്തു പുറത്തേക്കു ഒഴുകുന്നു
അറബി കേൾക്കണ്ട
19 ഇതിനൊരു അറുതി വേണം. ഗൾഫിലേതു പോലെ ഇവർക്കൊക്കെ ഒരു ഐ ഡി കാർഡ് സർക്കാർ നിർബന്ധമാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ
ഇതു ഒറ്റ രാജ്യമാണെന്നത് വീണ്ടും മറക്കുന്നു അല്ലേ? മറ്റു സംസ്ഥനങ്ങളിൽ ചെല്ലുന്ന മലയാളികൾക്ക് പ്രത്യേകമായ ഐഡികൾ ഉണ്ടോ പോലും
20 നമ്മൾ ഈയിടെ കണ്ടതാണ് വ്യാജ ഐ ഡി കാർഡുകളും, ആധാർ കാർഡുകളും, പാസ്സ്പോർട്ടും ഉണ്ടാക്കി കൊടുക്കുന്ന ഒരു ബംഗാളിയെ കേരളത്തിൽ നിന്നും പിടിച്ചത്
ഇത്തരം പണികൾ ഏതെങ്കിലും മലയാളികൾ ഇതിനുമുൻപ് ചെയ്തിട്ടുണ്ടോ?
21 ഹോട്ടലുകളിൽ, ബാർബർ ഷോപ്പുകളിൽ, മൊബൈൽ ഷോപ്പുകളിൽ, ബീച്ചിൽ, മാളുകളിൽ…. എല്ലാം അവർ മാത്രം
അതിന്?
22 അവരുടെയടുത്തു ധാരാളം പണമുണ്ട് മൾട്ടി ആക്സിൽ വോൾവോയിലും, ട്രെയിനിൽ എ സി യിലുമാണ് ഇപ്പോൾ കൂടുതലും അവർ യാത്ര ചെയ്യുന്നത്
പാവങ്ങൾ, ഈ കാശ് മോഷ്ടിച്ചാണോ ഉണ്ടാക്കുന്നത്? അയാൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ് എങ്ങനെ ചെലവഴിക്കണം എന്നു നമ്മൾ വാശി പിടിക്കേണ്ടതുണ്ടോ? വേറാരേലും നമ്മോട് നിർദ്ദേശിച്ചാൽ നമുക്ക് ഇഷ്ടമാവുമോ?
23 നാടൻ പണി എടുക്കുന്നവർക്ക് ദിവസം 800/900- കൂലി വച്ച് ആഴ്ചയിൽ 4800/5400/- രൂപ കിട്ടും !! മാസം 21600/- വരെ കിട്ടും
ഈ പണി മലയാളികൾ ചെയ്താൽ ഇതിലും കുറവു കാശേ കിട്ടുകയുള്ളോ?
24 അല്ലാത്ത ജോലികൾ ചെയ്യുന്നവർക്ക് ഒന്നര തച്ചാണ് ദിവസവും –
അതായത്, മലയാളികൾ ഗൽഫിൽ ചെന്ന് ഓവടൈം എടുക്കുന്ന പോലെ അല്ലേ?
25 1050/- രൂപ ദിവസവും !!! ആഴ്ചയിൽ 6300/- മാസത്തിൽ 25200/-
ഈ കാശ് പിടിച്ചുപറിച്ചാണോ ഉണ്ടാക്കുന്നത്, അതോ പണി എടുത്തിട്ടോ?
26 ഏകദേശം ആര് മാസം കൂടിയാണ് അവർ വീട്ടിലേക്കു (?) പോവുന്നത്
ഗൽഫിൽ പോകുന്ന മലയാളികൾ എല്ലാ മാസവും വീട്ടിൽ പോകാറുണ്ട്, ആ ചോദ്യചിഹ്നത്തിന്റെ അൽപ്പത്തരത്തിന് മറുപടി പറയുന്നില്ല.
27 അപ്പോൾ സകല ചിലവും കഴിച്ചു ഒരു ലക്ഷം രൂപയിൽ കൂടുതൽ ഒരാൾ മാത്രം ഇവിടെ നിന്നും കൊണ്ടുപോവുന്നു
സ്വന്തം കുടുംബത്തോട് കരുതൽ ഉള്ള സ്നേഹമുള്ള ആൾക്കാർ
28 മലയാളിയുടെ മടിയാണ് ഈ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത്
ഭാഗ്യം, കുറ്റം ബംഗാളിയുടേതല്ല – അപ്പൊ കാരണം അറിയാം, എന്നിട്ട് അറിയാത്തതു പോലെ നടിക്കുന്നതാണ്
29 എന്നിട്ടോ കേരളത്തിൽ തൊഴിലില്ലായ്മാ വേതനത്തിന് കാത്തിരിക്കുന്നവർ 40 ലക്ഷമാണ്
ഇതിന്റെ കുറ്റം ബംഗാളിയുടേതാണോ?
30 അധികാരികൾ ഇനിയും ഉണർന്നില്ല എങ്കിൽ കേരളവും നമുക്ക് നഷ്ടമാവും
അത്ര വേദനയുണ്ടെങ്കിൽ അയാൾ ചെയ്യുന്ന പണികൾ നമ്മൾ എടുത്താൽ പോരേ, തൊഴിൽ ലഭിക്കാതെ അയാൾ നാടു വിട്ടോളുമല്ലോ.