വിക്കിപ്പീഡിയയ്ക്കൊപ്പം ഒരു വനയാത്ര

തണുത്ത ഒരു വെളുപ്പാന്‍ കാലത്ത്‌ രാജേഷും മഞ്ജുഷയും എത്തി. കുറച്ചു കഴിഞ്ഞപ്പോഴേക്കും വിശ്വേട്ടനും. എത്രയോ കാലമായി അറിയാം വിശ്വേട്ടനെ, ഒരു പക്ഷേ പത്തു വര്‍ഷത്തോളമായിക്കാണണം. ജീമെയിലിനും മറ്റും മുന്‍പേ. ആദ്യമായാണ്‌ കാണുന്നത്‌. എന്തോ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. ആഴത്തിലും പരന്നതുമായ അറിവ്‌. എന്തിനെപ്പറ്റി തുടങ്ങിയാലും വേറെവിടെയെങ്കിലും എത്തും. ഒരു പക്ഷേ വിശ്വത്തിലുള്ള എല്ലാം തമ്മിലുള്ള ബന്ധം കാരണമാവണം അത്‌. എല്ലാം എല്ലാം തമ്മില്‍ കെട്ടുപിണഞ്ഞിരിക്കുന്നു. നമ്മള്‍ കണ്ട്‌ തൊഴിച്ചു തെറിപ്പിച്ച്‌ പോകുന്ന കല്ല് വിശ്വേട്ടനെ സംബന്ധിച്ചിടത്തോളം പുരാതനമായ സംസ്കൃതികള്‍ കണ്ട ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ചരിത്രാവശിഷ്ടമാണ്‌. ഇന്റര്‍നെറ്റുവഴി പരിചയപ്പെട്ട്‌ നിര്‍ബന്ധമായും കാണണമെന്നു ആഗ്രഹിച്ചിരുന്ന ഒരു മനുഷ്യനാണ്‌, മനുഷ്യസ്നേഹിയാണ്‌ അദ്ദേഹം.

പവനായി. ഏത് ആയുധം വേണമെന്ന് നിങ്ങൾക്ക് തെരഞ്ഞെടുക്കാം

പവനായി. ഏത് ആയുധം വേണമെന്ന് നിങ്ങൾക്ക് തെരഞ്ഞെടുക്കാം

കുറച്ചു കഴിഞ്ഞപ്പൊഴേക്കും ഗൌരവം കുത്തിനിറച്ച ഒരു രൂപമായി അതാ സുഗീഷും എത്തി. പെട്ടെന്നുതന്നെ മനസ്സിലായി ഈ പാറയ്ക്കകത്ത്‌ തേനാണ്‌ നിറഞ്ഞിരിക്കുന്നതെന്ന്. സൌമ്യനായ ഒരു മനുഷ്യന്‍.

വിക്കിപ്പീഡിയ മലയാളം തുടങ്ങിയതിന്റെ പത്താം വാര്‍ഷികം കണ്ണൂരിലെ പാലയത്തുവയല്‍ ഗവണ്‍മന്റ്‌ സ്കൂളില്‍ 2012 ഡിസംബര്‍ 8-നും 9- നും ആഘോഷിക്കുകയണ്‌. ആദ്യദിവസത്തെ നാടിനേയും നാട്ടറിവുകളെയും തൊട്ടുകൊണ്ടുള്ള വിക്കി വിജ്ഞാനയാത്രയില്‍ പങ്കെടുക്കാന്‍ ബങ്കളൂരുവില്‍ നിന്നും തൃശൂരു നിന്നും തിരുവനന്തപുരത്തുനിന്നും എത്തിയതാണവര്‍. പ്രഭാതഭക്ഷണത്തിനുശേഷം വേഗം തന്നെ എത്തിയ വാഹനത്തില്‍ കയറി ആദ്യം പോയത്‌ പുരളിമലയിലേക്കാണ്‌. മുത്തപ്പന്റെ ആരൂഢസ്ഥാനമാണത്‌. എന്നും വരുന്ന ഭക്തര്‍ക്ക്‌ അനുഗ്രഹത്തോടൊപ്പം വയറുനിറയെ ആഹാരവും നല്‍കിയേ വിടാറുള്ളൂ മുത്തപ്പന്‍. മറ്റു ദൈവസങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭക്തര്‍ക്ക്‌ വളരെ അടുത്തു പഴകി നേരേ സംസാരിക്കാന്‍ കഴിയും മുത്തപ്പനോട്‌. എന്നും കെട്ടിയാടുന്ന പൈങ്കുറ്റിയും മാസത്തിലൊരിക്കല്‍ വെള്ളാട്ടവും. ക്ഷേത്രമുറ്റത്തുനില്‍ക്കുന്ന നാഗലിംഗവൃക്ഷം(Couroupita guianensis)പൂത്തിരിക്കുന്നു. മനോഹരമായ പൂക്കള്‍. പീരങ്കിയുണ്ട പോലെ കായകളും. വേഗം തന്നെ അവിടെ നിന്നും തിരിച്ചു.

പുരളിമല മുത്തപ്പക്ഷേത്രം

പുരളിമല മുത്തപ്പക്ഷേത്രം

മുഴക്കുന്നിലെ ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിലേക്കാണ്‌ യാത്ര. പഴയ ക്ഷേത്രം. പ്രതാപകാലത്ത്‌ ഇതൊരു സംസ്കാരത്തിന്റെ തലസ്ഥാനം തന്നെയായിരുന്നിരിക്കണം. മലബാര്‍ സിംഹം ശ്രീ. കേരളവര്‍മ്മ പഴശ്ശിരാജ നിത്യവും തൊഴുതിരുന്ന ക്ഷേത്രം. ക്ഷേത്രമുറ്റത്തെ മണല്‍ത്തരികള്‍ക്ക്‌ എന്തെല്ലാം കഥകള്‍ പറയാനുണ്ടാവാം. പുതിയ തലമുറ സിമന്റില്‍ രൂപം നല്‍കിയ പശശ്ശിരാജാവിന്റെ പ്രതിമ ക്ഷേത്രത്തിനു സമീപം കാണാം. അടുത്തുതന്നെയുള്ള അമ്പലക്കുളം നശിച്ചിരിക്കുനു. മുന്‍ഗണനാക്രമത്തില്‍ വന്ന മാറ്റങ്ങള്‍ ചുറ്റും വളര്‍ന്നു നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ആതിനു വെയില്‍കിട്ടാനാവണം അമ്പലമുറ്റത്തുനിന്ന പ്ലാശിന്റെ ഇലകളും ശിഖരങ്ങളും മുറിച്ചുമാറ്റിയിരുന്നു. കുറച്ചുനാള്‍ മുന്‍പുവരെ നിറയെ വവ്വാലുകള്‍ വന്നു തലതിരിഞ്ഞു തൂങ്ങിക്കിടന്ന വന്മരങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. നമ്മുടെ നാടും വികസിക്കുന്നുണ്ട്‌. ക്ഷേത്രത്തിനടുത്ത്‌ പ്രായമുള ഒരു സ്ത്രീ നെല്ല് ഉണാങ്ങാനിടുന്നത്‌ കണ്ട്‌ കൂട്ടത്തിലുള്ള ആരോ ഇതേതാ ധാന്യം എന്നു ചോദിച്ചുവോ?

പഴശ്ശിരാജാവിന്റെ പ്രതിമയ്ക്കരികിൽ - വിശ്വപ്രഭ, രാജേഷ്, മഞ്ജുഷ, സുഗീഷ് എന്നിവർ

പഴശ്ശിരാജാവിന്റെ പ്രതിമയ്ക്കരികിൽ – വിശ്വപ്രഭ, രാജേഷ്, മഞ്ജുഷ, സുഗീഷ് എന്നിവർ

കാക്കേങ്ങാട്‌ എത്തിയപ്പൊഴേക്കും ഗഫൂര്‍ മാഷ്‌ അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പിന്നെ നാണുവാശാന്റെ കളരിയിലേക്ക്‌ പുറപ്പെട്ടു. എന്നും കളരിയഭ്യാസങ്ങള്‍ അവിടെ പഠിപ്പിക്കുന്നുണ്ട്‌. കളരിവിളക്കും തൊഴുത്‌ നേരം വൈകിയതിനാല്‍ പുഴയിലിറങ്ങാനുള്ള കൊതി മാറ്റിവച്ച്‌ റബ്ബര്‍ഷീറ്റടിക്കുന്നതും കണ്ട്‌ നേരെ ആറളം ഫാമിലേക്ക്‌. ഒരുകാലത്ത്‌ റഷ്യന്‍ സഹകരണത്തോടെ നമ്മുടെ നാട്ടിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി ഉണ്ടാക്കിയ ആറളം ഫാം ഇന്ന് നഷ്ടപ്രതാപങ്ങളുടെ ഓര്‍മ്മകളില്‍ ഒതുങ്ങിയിരിക്കുന്നു. എന്നാലും ഇന്നും പലവിധ ചെടികളും വൃക്ഷത്തൈകളും തേനുമെല്ലാം ഫാമില്‍ ലഭ്യമാണ്‌. നിരനിരയായിരിക്കുന്ന തേനീച്ചപ്പെട്ടികള്‍ എല്ലാവര്‍ക്കും കൌതുകമായി. ഫാമിനുള്ളില്‍ത്തന്നെ ഒരു ഗവണ്‍മന്റ്‌ ഹൈസ്കൂള്‍ ഉണ്ട്‌. അവിടെയും പോയി. ഫാമിനുള്ളില്‍ സര്‍ക്കാര്‍ നല്‍കിയ ഇടങ്ങളില്‍ വസിക്കുന്ന ആദിവാസിജനവിഭാഗത്തിന്റെ കുട്ടികളാണ്‌ അവിടത്തെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും.

വന്യമൃഗകേന്ദ്രത്തിലേക്ക്‌ പോവാന്‍ സമയം തടസ്സമായതിനാല്‍ അങ്ങോട്ടുപോവാതെ തിരിച്ചു. വരുന്നവഴി പാല കുറുമ്പുക്കലിടം ഭഗവതി ക്ഷേത്രത്തില്‍ പോയി. അവിടത്തെ ആണ്ട്‌ ഉത്സവത്തിന്‌ ഇന്നാട്ടില്‍ നിന്നു പുറത്തേക്കു പോയവരെല്ലാം ഇവിടെ ഒത്തുകൂടുന്നു. അന്യനാട്ടില്‍ ജോലിക്കു പോയവരും വിവാഹം കഴിച്ചയയ്ക്കപ്പെട്ട സ്ത്രീകളുമെല്ലാം.

വിശപ്പിന്റെ വിളി ഞങ്ങളെ പേരാവൂരില്‍ റോബിന്‍ ഹോട്ടലിലെത്തിച്ചു. വയറും നിറച്ച്‌ നേരേ തൊടീക്കളം ക്ഷേത്രത്തിലേക്ക്‌. വളരെ പുരാതനമായ ക്ഷേത്രം. അവിടെയുള്ളവരുടെ അതിലും പുരാതനമായ മനോഭാവം. വെട്ടുകല്ലുകളുടെ മൂലയും വക്കും പിടിച്ചുനോക്കി വിശ്വേട്ടന്‍ കാലഗണന നടത്തുന്നതു കണ്ടു. പുരാവസ്തുക്കാരുടെ ബോര്‍ഡ്‌ ആണ്‌ ഏറ്റവും പുരാതനം. തൊട്ടുപുറത്തു ഇവിടെയും റബ്ബര്‍ മരങ്ങള്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്നു. നഷ്ടപ്രതാപങ്ങളുടെ പ്രൌഢി വിളിച്ചോതുന്ന ചുറ്റമ്പലം. മേല്‍ക്കൂര പോയിരിക്കുന്നു. ചുമര്‍ചിത്രങ്ങള്‍ നമ്മുടെ കണ്മുന്നില്‍ മാഞ്ഞുകൊണ്ടിരിക്കുന്നു. എന്തെല്ലാം കണ്ട ക്ഷേത്രമാവണം.

തൊടീക്കളം ക്ഷേത്രത്തിലെ ബോർഡ്

തൊടീക്കളം ക്ഷേത്രത്തിലെ ബോർഡ്

നേരം വൈകി, കണ്ണവത്തുനിന്നും ചായയും കുടിച്ച്‌ വൈകീട്ടത്തേക്കുള്ള പാലും ചായപ്പൊടിയും വാങ്ങി നേരേ പാലയത്തുവയല്‍ സ്കൂളിലേക്ക്‌. ജയരാജന്‍ മാഷും മാത്യുച്ചേട്ടനും എത്തിയിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പനിയെ വകവയ്ക്കാതെ ഗിരീഷ് മാഷും എത്തിച്ചേർന്നു. ചായകുടിച്ച്‌ മാത്യുച്ചേട്ടനോടൊപ്പം തൊട്ടത്തുള്ള മരങ്ങളുടെ ഇടയിലേക്ക്‌. വിശ്വേട്ടന്‍ ക്യാമറയുമെടുത്ത്‌ കാട്ടിലൂടെ ഓടുന്നത്‌ തടയാനാവണം നേരം വൈകിയാല്‍ അവിടെ ചുരുട്ട (pit viper) പാമ്പുകള്‍ ഉണ്ടായേക്കാമെന്ന് മാത്യുച്ചേട്ടന്‍ പറഞ്ഞു. പിന്നീട്‌ ചുറ്റുവട്ടത്തു നിന്ന് വിശ്വേട്ടന്‍ മാറിയിട്ടില്ല. വൈകീട്ടോടെ വൈശാഖും സുധിയുമെത്തി. തെളിഞ്ഞ ബള്‍ബുകളുടെ ചുറ്റും ഏതൊക്കെയോ ഈച്ചകളെയോ പാറ്റകളെയോ വൈശാഖ്‌ തിരയുന്നുണ്ടായിരുന്നു.

ആരെങ്കിലും തന്റെ തലയിലെ തൊപ്പി കൊണ്ടുപോകുമോ എന്ന ഭീതിയോടെയായിരുന്നു ഏതു നേരവും സുധി നടന്നത്. വൈകുന്നേരത്തെ യോഗത്തില്‍ സ്കൂളിലെ കാര്യങ്ങള്‍ ജയരാജന്‍ മാഷ്‌ വിശദമായി പറഞ്ഞു. നിരന്തരവും ക്ഷമാപൂര്‍വ്വവും ഐക്യത്തോടെയുമുള്ള കഠിനപരിശ്രമം ഒട്ടുമുക്കാലും ആദിവാസസമൂഹത്തില്‍ നിന്നുമുള്ള കുട്ടികള്‍ മാത്രമുള്ള ഒരു വിദ്യാലയത്തെ എങ്ങനെ മികവിന്റെ മുന്നിലെത്തിച്ചു എന്നുള്ളത്‌ നഗരങ്ങളില്‍ നിന്നും വന്ന വിക്കിസമൂഹം ശ്വാസം പിടിച്ചു കേട്ടിരുന്നു.

സ്കൂളിനെ എങ്ങനെ ഒരു മാതൃകാവിദ്യാലയമാക്കി മാറ്റി എന്ന് ജയരാജൻ മാഷ് വിശദീകരിക്കുന്നു.

സ്കൂളിനെ എങ്ങനെ ഒരു മാതൃകാവിദ്യാലയമാക്കി മാറ്റി എന്ന് ജയരാജൻ മാഷ് വിശദീകരിക്കുന്നു.

വിക്കിപദ്ധതികളെപ്പറ്റി വിശ്വേട്ടന്‍ വിശദീകരിച്ചു. പതിവുപോലെ വിഷയത്തിന്റെ അതിരുകള്‍ തകര്‍ത്ത്‌ അതങ്ങനെ പ്രവഹിച്ചു. വിശ്വേട്ടന്‍ സംസാരിക്കുന്നത്‌ കേള്‍ക്കാന്‍ രസമാണ്‌. എന്നാലും പറയുന്ന വിഷയത്തില്‍ ഒതുങ്ങുന്നതല്ലേ ഭംഗി എന്നൊരു സംശയം ഇല്ലാതില്ല. ശരിയാണ്‌ വിക്കിപ്പീഡിയ പോലെ അതിരുകളില്ലാത്ത അറിവിന്റെ ലോകത്തെപ്പറ്റി പറയുമ്പോള്‍ എന്തിനെവേണമെങ്കിലും സ്പര്‍ശിക്കാം. ഒരു മതപ്രസംഗത്തിന്റെ, മതപ്രവാചകന്റെ, മതമൌലികവാദിയുടെ രീതിയാണ്‌ വിക്കിയെക്കുറിച്ചു പറയുമ്പോള്‍ വിശ്വേട്ടന്‌. അഞ്ചലിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി സുഗീഷും മറ്റു വിക്കിസംരംഭങ്ങളെക്കുറിച്ച്‌ രാജേഷും സംസാരിച്ചു. ഭക്ഷണവും കഴിച്ച്‌ സ്കൂള്‍മുറ്റത്തേക്കിറങ്ങിയപ്പോള്‍ ദാ ആകാശം നിറയെ നക്ഷത്രങ്ങള്‍. നക്ഷത്രങ്ങളില്ലാത്ത നഗരാകാശങ്ങളില്‍ നിന്നും വ്യത്യസ്തമായി നല്ല വ്യക്തതയോടെ മിന്നിത്തിളങ്ങുന്ന അവയെ കണ്ടപ്പോള്‍ പഠിപ്പിച്ചുതരാനായി തന്റെ സ്മാര്‍ട്ട്‌ഫോണുമെടുത്തുകൊണ്ട്‌ വിശ്വേട്ടനുമെത്തി. അതുമിതുമെല്ലാം കുറെ ഞെക്കി നോക്കി, ഒടുവില്‍ ശരിയായെന്നുവിചാരിച്ച്‌ ഫോണ്‍ കാണിച്ചുതന്നപ്പോള്‍ ആ പാതിരാത്രിയില്‍ തലയ്ക്കു നേരെ മുകളില്‍ കാണുന്നതാണ്‌ സൂര്യനെന്നു വിശ്വേട്ടന്‍ പറഞ്ഞുതന്നു. ടെക്നോളജിയുടെ മഹത്വത്തെ പുകഴ്തി ഞങ്ങള്‍ ഉറങ്ങാന്‍ പോയി.

നേരം വെളുത്തപ്പോള്‍ പുഴയില്‍ പോയി മുങ്ങിക്കുളിച്ച്‌ തയ്യാറായി. തലേന്നു വച്ച കെണിയില്‍ വല്ല മീനുകളും വീണിട്ടുണ്ടോ എന്നറിയാന്‍ ഒരു സ്കൂള്‍കുട്ടി എത്തി. കാര്യമായി ഒന്നുമില്ലായിരുന്നു. കിട്ടിയ കൊച്ചുമീനുകളെയും പെറുക്കി അവന്‍ മടങ്ങി. അപ്പോഴേക്കും പലരും എത്തിത്തുടങ്ങിയിരുന്നു. ഒരു ഓട്ടോയിൽ ലിബിനയുമെത്തി. എല്ലാവരും തമ്മില്‍ പരിചയപ്പെട്ടു. വിക്കിയെപ്പറ്റിയും വിക്കിസംഗമത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും വിശ്വേട്ടന്‍ സംസാരിച്ചു. ഭക്ഷണവും കഴിച്ച്‌ ഏവരും ജീപ്പില്‍ കാട്ടിലേക്ക്‌ പുറപ്പെട്ടു. പ്രമുഖ സസ്യശാസ്ത്ര-ശലഭ പണ്ഡിതനായ ബാലകൃഷ്ണന്‍ വി.സി.യായിരുന്നു സംഘത്തലവന്‍. അദ്ദേഹം എത്തിയതറിഞ്ഞാവണം ദേശാടനത്തിലുള്ള ശലഭങ്ങളുടെ ഒരുകൂട്ടം അദ്ദേഹത്തിനു ചുറ്റും പറന്നുകളിച്ചു. ചിത്രമെടുത്തും വിശദീകരിച്ചും സംശയങ്ങള്‍ തീര്‍ത്തും ഞങ്ങള്‍ മുന്നോട്ടു നീങ്ങി.

ചിത്രശലഭത്തിന്റെ ചിത്രമെടുക്കുന്ന വി. സി. ബാലകൃഷ്ണൻ മാസ്റ്റർ

ചിത്രശലഭത്തിന്റെ ചിത്രമെടുക്കുന്ന വി. സി. ബാലകൃഷ്ണൻ മാസ്റ്റർ

സസ്യങ്ങളെക്കുറിച്ചുള്ള നാട്ടറിവുകളുടെ വലിയ ഒരു ഭണ്ഡാരമായ മാത്യുച്ചേട്ടന്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ടായിരുന്നു. ക്യാമറകള്‍ ഇടതടവില്ലാതെ ചിത്രങ്ങള്‍ എടുത്തുകൊണ്ടിരുന്നു. ഇതെല്ലാം കൂടി അപ്‌ലോഡ്‌ ചെയ്ത്‌ നാളെ വിക്കിമീഡിയ കോമണ്‍സിന്റെ സെര്‍വറില്‍ സ്ഥലമില്ലാതാകുമല്ലോ എന്നു ഞാന്‍ ഓര്‍ത്തു. കാടും കുന്നും കയറി ഇറങ്ങി വിശന്നുവലഞ്ഞു കാട്ടാറുകളില്‍ നിന്നും വെള്ളം കോരിക്കുടിച്ചും മലയ്ക്കു മുകളില്‍ വലിയ സാഹസികരെപ്പോലെ എത്തിയപ്പോള്‍ അതാ അവിടെ വീടുകളും ആള്‍പ്പാര്‍പ്പും. അവര്‍ക്കെല്ലാം ഓരോ കൊച്ചുകാര്യത്തിനും ഞങ്ങള്‍ സാഹസികമായി കയറിവന്ന ഈ മലയും കാടും കടന്നുവരണമല്ലോ എന്ന ചിന്ത എല്ലാവരെയും വിനീതരാക്കി എന്നു തോന്നുനു. കുരങ്ങന്മാരെപ്പോലെ അടുത്തുകണ്ട ചാമ്പയില്‍ നിറയെ കായ്ച്ചുകിടന്ന ചാമ്പങ്ങകള്‍ പറിച്ച്‌ വിശപ്പടക്കി പിന്നെയും മുന്നോട്ടു നീങ്ങി.

കേളപ്പന്‍ മൂപ്പന്റെ കുടിലിനുമുന്നില്‍ എത്തിയപ്പോള്‍ കാലം മുന്നോട്ടുപോവാതെ അവിടെ തന്നെ പണ്ടെന്നോ മരവിച്ചുനിന്ന ഒരു പ്രതീതി. ഒക്കെ ശാന്തമാണ്‌. തിരക്കുകളില്ലാതെ, ആര്‍ഭാടങ്ങളില്ലാതെ ശാന്തമായി കാനനമധ്യത്തില്‍ പഴയ പോരാട്ടക്കാരുടെ വംശത്തിന്റെ പ്രതിനിധി, കടന്നുവന്നവരെ സ്നേഹത്തോടെ സ്വീകരിച്ചു. ചരിത്രത്തെപ്പറ്റി പറഞ്ഞുതുടങ്ങിയപ്പോള്‍ എങ്ങുനിന്നോ കടന്നുവന്ന ആവേശം ആ വാക്കുകളിലും മിഴികളിലും തീപ്പൊരി പാറിച്ചോ?

കേളപ്പൻ മൂപ്പൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കുന്ന യാത്രാംഗങ്ങൾ

കേളപ്പൻ മൂപ്പൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കുന്ന യാത്രാംഗങ്ങൾ

വീണ്ടും മുന്നോട്ടുനീങ്ങി, ശലഭങ്ങള്‍ നീളെ പറക്കുന്നു. ഏതെല്ലാമോ കാട്ടുപക്ഷികളുടെ ശബ്ദങ്ങള്‍ പിന്നാമ്പുറത്ത്‌ ഉറക്കെ മുഴങ്ങുന്നു. മനുഷ്യര്‍ എത്തിയതറിഞ്ഞ്‌ കൂട്ടുകാര്‍ക്ക്‌ മുന്നറിയിപ്പു നല്‍കുന്നതാവണം. ഇല്ല, ഞങ്ങള്‍ ഉപദ്രവിക്കാന്‍ വന്നതല്ല. വെറുതെ കണ്ടു മടങ്ങാന്‍ വന്നവരാണ്‌. മലമുകളില്‍ എത്തിയപ്പോള്‍ അപ്രതീക്ഷിതമായി ഒരു വലിയ വെള്ളച്ചാട്ടം. വെള്ളമേ കണ്ടിട്ടില്ലാത്ത ആര്‍ത്തിയില്‍ കെട്ടിമറിഞ്ഞും കുളിച്ചും മടക്കം. വിശന്നുവലഞ്ഞ്‌ തിരികെയെത്തിയപ്പോള്‍ കിട്ടിയ ഭക്ഷണത്തിന്‌ എന്തെന്നില്ലാത്ത രുചിയും. ഒക്കെത്തീര്‍ത്ത്‌ മടങ്ങുമ്പോള്‍ എല്ലാം വേഗം കഴിഞ്ഞുപോയപോലൊരു സങ്കടം എല്ലാം മുഖത്തും കാണാമായിരുന്നു. ഞങ്ങള്‍ ഇനിയും വരും തീര്‍ച്ചയായും. ഈ വിദ്യാലയവും, ഈ കാടും അവിടെയുള്ള ലളിതമായ എന്നാല്‍ നാഗരികരേക്കാള്‍ ഒന്നിനും പിന്നിലല്ലാത്ത ഒരു കൂട്ടം മനുഷ്യസ്നേഹികളും, ഇവരെല്ലാം ഓര്‍മ്മകളുടെ അറയില്‍ എന്നും വെളിച്ചവും തെളിച്ചുകൊണ്ടുണ്ടാവും എന്നോര്‍ത്ത്‌ ഇതിനു കാരണമായ വിക്കിപ്പീഡിയയോടു നന്ദിയും പറഞ്ഞ്‌ പിറ്റേന്നേക്കുള്ള ബഹളങ്ങളിലേക്ക്‌, നഗരങ്ങളിലേക്ക്‌ ഞങ്ങള്‍ മടങ്ങി.

വാല്‍ക്കഷണം:

ഇങ്ങനെയൊരു പരിപാടിയെപ്പറ്റി പറഞ്ഞപ്പോള്‍ മുതല്‍ അത്‌ തങ്ങളുടെ സ്വന്തം എന്ന നിലയ്ക്ക്‌ ഏറ്റെടുക്കുകയായിരുന്നു വിനു മാഷും ഗഫൂര്‍ മാഷും ജയരാജന്‍ മാഷും. ഈ പരിപാടി ഭംഗിയായി നടന്നെങ്കില്‍ അതിനുള്ള മുഴുവന്‍ അംഗീകാരവും ഇവര്‍ മൂവര്‍ക്കുമുള്ളതാണ്‌. എന്തെക്കിലുമൊക്കെ പരാതിയുണ്ടെങ്കില്‍ അതിന്‌ ഉത്തരവാദികള്‍ ബാക്കിയുള്ള ഞങ്ങളും.

Advertisements

2 thoughts on “വിക്കിപ്പീഡിയയ്ക്കൊപ്പം ഒരു വനയാത്ര

 1. വിനയഭൂമികയിലൂടെ ഒരു തീർത്ഥയാത്ര:

  കണ്ണവത്തെ കാടുകൾക്കുള്ളിൽ, ഇരുണ്ട മലമേടുകൾക്കിടയിൽ ഒട്ടും പ്രതാപമില്ലാതെ ഉറങ്ങിക്കൊണ്ടിരിക്കുന്ന ഒരു സാമ്രാജ്യമുണ്ടു്. പട്ടും വളയും പരിഷ്കാരവും എത്തിപ്പെട്ടിട്ടില്ലാത്ത, കൊട്ടാരങ്ങളില്ലാത്ത ഒരു കൊച്ചുരാഷ്ട്രം.

  അവിടത്തെ രാഷ്ട്രപതി ഞങ്ങളോടു പറഞ്ഞു:

  “….പെരുമ മൂത്ത വെള്ളക്കാരും പോരിമ മൂത്ത പുത്തൻ നേതാക്കന്മാരും ഞങ്ങളുടെ സംസ്കൃതിയേയും നാടിനേയും അധിനിവേശിച്ചു കടന്നു വന്നിട്ടുണ്ടു്. വന്നതുപോലെത്തന്നെ അതേ വേഗത്തിൽ അവർ പോയ്മറയുകയും ചെയ്തു.
  പക്ഷേ, ഞങ്ങൾ, കാടിന്റെ മക്കൾ,
  ആരവവും അമ്പാരിയുമില്ലാതെ ഇവിടെ ഇപ്പോഴും തുടരുന്നു….”

  ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തന്നെ ഏറ്റവും പ്രാചീനമായ മനുഷ്യഗോത്രങ്ങളിൽ പെട്ടവരാണവർ.
  ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യത്തെ പടനായകന്മാരും.

  എന്നിട്ടും ഇത്ര മാത്രം ഒതുങ്ങിക്കൂടുന്ന,
  ആ വിനീതഭൂമികയിലേക്കായിരുന്നു ഞങ്ങളുടെ തീർത്ഥയാത്ര.

  മുഖം നിറയെ പുഞ്ചിരിയും മനസ്സു നിറയെ സ്നേഹവും മാത്രം പൊൻപണമായി സമ്മാനം തരുന്ന ആ നാട്ടുകാരുടെ അടുത്തേക്കു ഞങ്ങളെ കൂട്ടിക്കൊണ്ടുപോയതോ?

  മരങ്ങളെപ്പോലെ,
  ദുഷ്ടുമുഴുവൻ വലിച്ചെടുത്തു് സൗഹൃദത്തിന്റെ സ്വച്ഛസുന്ദരമായ പ്രാണവായു മാത്രം തിരിച്ചുനൽകുന്ന വൃക്ഷപീഡിയ: വിനയരാജൻ എന്ന വിനയാന്വിതനായ മറ്റൊരു രാജാവും!

  ഹൃദയമേ, ആനന്ദലബ്ധിക്കിനിയെന്തു വേണം!
  🙂

 2. മരങ്ങളെപ്പോലെ,
  ദുഷ്ടുമുഴുവൻ വലിച്ചെടുത്തു് സൗഹൃദത്തിന്റെ സ്വച്ഛസുന്ദരമായ പ്രാണവായു മാത്രം തിരിച്ചുനൽകുന്ന വൃക്ഷപീഡിയ: വിനയരാജൻ എന്ന വിനയാന്വിതനായ മറ്റൊരു രാജാവും!

  ഹൃദയമേ, ആനന്ദലബ്ധിക്കിനിയെന്തു വേണം!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s